ഇപ്പോഴും കൊച്ചു കുട്ടിയാനാ വിചാരം..
ഇവൾക്കിനിനി എന്നാ ഈശ്വരാ ഒരു ബുദ്ധിയും ബോധോം വരുന്നെ..
എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ..
ഒന്നല്ലേ ഉള്ളൂ എന്ന് കരുതി ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചു വഷളാക്കി.
നന്ദിനി തന്റെ പരാതിയും പരിഭവങ്ങളും പതിവ് പോലെ അടുക്കളയിലെ ചട്ടിയോടും പാത്രങ്ങളോടും പറഞ്ഞു തീർത്തു.
ആ പാത്രങ്ങളുടെ കലപില ശബ്ദവും അമ്മയുടെ പായാരവും കേട്ട് കൊണ്ടാണ് ശിവാനി കണ്ണു തുറന്നത്.പുറത്തെ വെയിൽ ജനൽ പാളികളിലൂടെ വന്ന് കണ്ണിൽ കുത്തിയതും അവൾക്ക് കണ്ണ് പുളിച്ചു.അവൾ തന്റെ മിഴികളെ ഇറുക്കി അടച്ചു കൊണ്ട് ഒന്ന് കൂടി പുതപ്പിനുള്ളിലേക്കു ചുരുണ്ടു.
ശിവാനി.. എഴുനേൽകുന്നുണ്ടോ നീ..
സമയം എത്ര ആയീനാ നിന്റെ വിചാരം.
നിനക്ക് ക്ലാസ്സിൽ പോകണം എന്ന ചിന്ത ഒന്നും ഇല്ലേ..
അതെങ്ങനെയാ പഠിക്കണം എന്ന ചിന്ത ഉള്ളവർക്കല്ലേ ആ വക വിചാരം ഉണ്ടാകൂ.
ഓ ഈ നന്ദിനികുട്ടി രാവിലെ തന്നെ തുടങ്ങിയോ പടപ്പുറപ്പാട്..
പറച്ചില് കേട്ടാൽ തോന്നും ഞാൻ എംബിബിഎസ്ന് പഠിക്കാനെന്ന്.
വെറും ബിഎക്കാരി സെക്കന്റ് ഇയർ സ്റ്റുഡന്റ്.അതും ആവറേജ് മാർക്കും വാങ്ങി ഇരിക്കുന്ന എന്നോടാ ഈ വേദമോതൽ.
അതും പറഞ്ഞ് ശിവാനി പുതപ്പു ഒന്ന് കൂടി നേരെ പുതച്ചു..
ചെവിയിൽ എന്തോ കടിച്ച പോലെ വേദന തോന്നിയതും അവൾ ഉറക്കെ അലറി..
അമ്മാ..
കാറേണ്ട.. ഞാൻ തന്നെയാ.
നന്ദിനിയുടെ വിരൽ ഒന്ന് കൂടി അവളുടെ ചെവിയിൽ മുറുകി.
അയ്യോ അമ്മാ വിട്.. എനിക്ക് വേദനിക്കുന്നു.
ഈ വേദന പേടിച്ചാ രണ്ടാമത് ഒന്ന് കൂടി ഞാൻ കാത് കുത്താതെ.കോളേജിൽ പിള്ളേര് രണ്ടും മൂന്നും നാലും കുത്തും കുത്തി
അതിൽ പലേ തരം കമ്മലും ഫിറ്റാക്കി വരുന്ന കാണുമ്പോ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.അങ്ങനെ കാത് കുത്തുന്നതിന് പോലും ഇത്ര വേദന കാണില്ല.
സമയം നോക്ക് ശിവാനി.. എട്ടര മണി കഴിഞ്ഞു.നീ ഇന്ന് പോകുന്നില്ലേ..
യ്യോ എട്ടരയോ.. ഇന്ന് സ്പെഷ്യൽ ക്ലാസ് ഉള്ളതാ.അമ്മക്ക് കുറച്ച് കൂടി നേരത്തെ വിളിച്ചൂടെ..
ദേ ശിവാനി എന്നെ കൊണ്ടൊന്നും പറയിക്കല്ലേ നീ.
അമ്മാ ഇങ്ങനെ ശിവാനി എന്ന് നീട്ടി വിളിക്കല്ലേ ശിവ അത് മതി.
അതിന് മറുപടിയായി നന്ദിനി ഒന്നും മിണ്ടിയില്ല.
അവൾ ശിവാനിക്ക് കൊണ്ടു പോകാനുള്ള ചോറ് പാത്രത്തിലാക്കുമ്പോൾ ബാത്റൂമിൽ നിന്നും കേട്ടു ശിവയുടെ വകയായുള്ള ചോദ്യം.
അമ്മാ ഇന്ന് കുളിക്കണ്ടല്ലോ.. സമയം ഇല്ല.
പല്ലും തേച്ച് കയ്യും കാലും മുഖോം ഒന്ന് കഴുകിയാൽ പോരെ..
കുളിക്കാതെ ഇറങ്ങി വന്നാൽ നിനക്ക് ഞാൻ പച്ചവെള്ളം തരില്ല.
അത് കേട്ടതും ശിവ ഒരു ബക്കറ്റ് തണുത്ത വെള്ളം എടുത്ത് തന്റെ തല വഴി കമിഴ്ത്തി.അതോടെ അവളിൽ ബാക്കി നിന്ന ഉറക്കം എതിലെയോ പോയി മറഞ്ഞു.
അവൾ കുളിച്ചു ഡ്രസ്സ് മാറി വന്നപ്പോൾ ഒമ്പത് മണി കഴിഞ്ഞു.ഒമ്പതരയ്ക്ക് കോളേജ് ബസ് വരും.
ഇന്നാ വേഗം എടുത്ത് കഴിക്ക്.
നന്ദിനി കാസറോൾ ശിവാനിക്ക് നേരെ നീക്കി വച്ചു.
ഓ ഓട്ടട.. കൊള്ളാം.
ശിവാനി എന്താ നിന്റെ തീരുമാനം.
എന്താ അമ്മാ..
എബീടെ കാര്യാ ഞാൻ ചോദിച്ചെ.ഇന്നലെ ബാങ്കിൽ അവന്റെ അപ്പച്ചൻ വന്നിരുന്നു.
ഇനിയും വൈകിക്കാൻ പറ്റില്ല പോലും.അവർക്ക് എത്രയും വേഗം ഒരു മറുപടി കൊടുക്കണം.
ഇത് വരെ നിനക്ക് വയസ് പതിനെട്ട് ആകട്ടെ പറഞ്ഞ് നിന്നു.ഇതിപ്പൊ
പതിനെട്ടും കഴിഞ്ഞു പത്തൊമ്പതും കഴിയാറായി.പഠിക്കാൻ മിടുക്കുള്ള കുട്ടി ആയിരുന്നേൽ പഠിച്ചു വല്ല ജോലിയും ആയിട്ട് കെട്ടിച്ചു വിടാം എന്ന് കരുതായിരുന്നു.
ഇതിപ്പോ പഠിക്കേം ഇല്ലല്ലോ.എന്റെ നിർബന്ധം കൊണ്ടല്ലേ നീ ഇപ്പൊ ക്ലാസിൽ പോകുന്നത് തന്നെ.അതാണേൽ പകുതി ദിവസം ക്ലാസിന് വെളിയിലും.
ഓ അങ്ങനെ.. അവർക്കു തിരക്കാണേല് അവര് വേറെ നോക്കിക്കോട്ടെ അമ്മാ.. അല്ലേലും ഇപ്പൊ കോളേജിലുള്ള ഓരോ പയ്യന്മാരെ കാണുമ്പോ തോന്നും എന്നാത്തിനാ എന്റെ കാര്യം നേരത്തെ പറഞ്ഞു വച്ചേന്.
ശിവാനി നീ ഇത് എന്തു ഭാവിച്ചാ..
നന്ദിനി അവൾക്ക് നേരെ ഒച്ചയെടുത്തു.
അമ്മ ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ. ആദ്യം അതിനൊരു തീരുമാനം പറ.ആദ്യം അമ്മേടെ കല്ല്യാണം അത് കഴിഞ്ഞ് എന്റെ..
അവൾ ഒരു കണ്ണിറുക്കി ചിരിയോടെ പറഞ്ഞതും നന്ദിനിക്ക് കലി കയറി.
നീ എന്നെ ഭ്രാന്തു പിടിപ്പിക്കല്ലേ ശിവാനി.
എന്തിനാ അമ്മയ്ക്ക് ഇത്ര ദേഷ്യം. ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾ വേറെ വിവാഹം കഴിക്കുന്നത് ലോകത്ത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല.എന്റെ അമ്മ ഇപ്പോഴും ചെറുപ്പമല്ലേ കാണാനും സുന്ദരിപിന്നെ ഇപ്പൊ എന്റെ അമ്മക്ക് എന്താ ഒരു കുറവ്.
ശിവാനി ബസ് വരാൻ ടൈം ആയില്ലേ.നീ കഴിച്ചു കഴിഞ്ഞേൽ എഴുന്നേറ്റ് പോകാൻ നോക്ക്.പിന്നെ എനിക്ക് ഒരു ഭർത്താവ് വേണമായിരുന്നേൽ അത് വർഷങ്ങൾക്ക് മുൻപേ ആകാമായിരുന്നു.നിന്റെ അച്ഛൻ മരിച്ച ആ കാലത്ത് തന്നെ.
അത്രയും പറഞ്ഞ് നന്ദിനി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
അമ്മയ്ക്ക് ഒരു ഭർത്താവ് വേണ്ടേലും എനിക്ക് ഒരു അച്ഛന്റെ സ്നേഹം വേണം.
ശിവാനി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞത് നന്ദിനി കേട്ടെങ്കിലും അവൾ
മറുതൊന്നും പറയാതെ വേഗം ഇറങ്ങി നടന്നു.
ബാങ്കിൽ എത്തിയിട്ടും നന്ദിനിയുടെ മനസിൽ ശിവാനിയുടെ വാക്കുകൾ ആയിരുന്നു.
അമ്മയ്ക്ക് എന്താ ഒരു വിവാഹം കഴിച്ചാൽ.. അമ്മ ഒരു കല്ല്യാണം കഴിക്കാണേൽ അത് കഴിഞ്ഞ് എന്റെ കാര്യത്തെ കുറിച്ച് ആലോചിക്കാം.അല്ലേൽ ഞാനും ഇങ്ങനെ നിൽക്കുകയെ ഉള്ളൂ..
ഈ കാര്യവും പറഞ്ഞ് അവൾ തന്റെ പിന്നാലെ കൂടിയിട്ട് കുറച്ചു ദിവസമായി.
ഒരേവാശിയിൽ ആണവൾ.ഈ കാര്യവും പറഞ്ഞ് വഴക്കിട്ട് പിണങ്ങി കൊണ്ടാണ് ഇപ്പൊ അവളുടെ രാത്രി ഉറക്കം പോലും.
ഓരോന്ന് ആലോചിച്ചു നന്ദിനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
എന്താടോ തനിക്ക് പറ്റിയെ.. താൻ ഈ ലോകതൊന്നും അല്ലെ..
ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ നന്ദിനിയുടെ ഉറ്റ കൂട്ടുകാരി ലേഖ അവളോടായി ചോദിച്ചു.
ഏയ് അങ്ങനെയൊന്നുമില്ല ലേഖ.
അത് വെറുതെ.. രാവിലെ മുതൽ ഞാൻ തന്നെ ശ്രദ്ധിക്കുന്നുണ്ട്.
ശിവാനി.. എനിക്ക് അവളെ കുറിച്ചോർത്തുള്ള ആദിയാണ് ലേഖേ.
അവൾ നല്ല കുട്ടി അല്ലെ നന്ദിനി ഒരു കുറുമ്പി..
ഉം.. അവളുടെ കുറുമ്പ് ഈയിടെയായി ഇത്തിരി കൂടുതലാണ്.
എന്താടാ പ്രശ്നം..
അവൾക്ക് ഇപ്പൊ എന്നെ പിടിച്ചു കെട്ടിക്കണം..
നന്ദിനി പറഞ്ഞത് കേട്ട് ലേഖ പൊട്ടിച്ചിരിച്ചു.
കളിയല്ല ലേഖേ.. തുടക്കത്തിൽ ഞാനും അങ്ങനെ ആണ് കരുതിയെ.ഇപ്പൊ എബിയുടെ കാര്യത്തിൽ പോലും അവൾ താൽപര്യം കാണിക്കുന്നില്ല.അവളുടെ പ്രശ്നം ഞാൻ ഒരു വിവാഹം കഴിക്കണം.എങ്കിൽ മാത്രമേ അവൾക്ക് ഒരു ജീവിതം ഉണ്ടാകൂ എന്ന വാശിയിലാ അവൾ.
അവൾ പറഞ്ഞതിൽ എന്താ നന്ദിനി തെറ്റ്..
നിനക്ക് അതിനെക്കുറിച്ച് സീരിയസായി ഒന്ന് ചിന്തിച്ചൂടെ..
ആഹാ നല്ല ആളോടാണ് ഞാൻ പറഞ്ഞത് നീ വേഗം കഴിക്കാൻ
നോക്ക്..
അതും പറഞ്ഞ് നന്ദിനി ചോറുണ്ണാൻ തുടങ്ങി.ഉച്ച കഴിഞ്ഞ് അനിരുദ്ധൻ സാറിന് അക്കൗണ്ട് മുഴുവൻ ക്ലിയർ ചെയ്ത് കൊടുക്കാനുള്ളതാ.അല്ലേൽ എന്റെ പണി പോകും.
അനിരുദ്ധൻ എന്ന് കേട്ടതും ലേഖ ചിരിച്ചു.
എന്താ തനിക്കൊരു ചിരി..
ഏയ്.. ഇവിടെ വന്നിരിക്കുമ്പോൾ ആകെ കൂടി നേരം പോകാനുള്ള ഒരേ ഒരു മാർഗം അനിരുദ്ധൻ സാർ അല്ലെ.കാണാനും കൊള്ളാം.പക്ഷേ ആൾ ആരുമായും അടുക്കില്ലല്ലോ.അങ്ങോട്ട് ഒന്ന് മിണ്ടാൻ ചെന്നാലോ കക്ഷി അപ്പൊ തന്നെ അവിടുന്ന് സ്ഥലം കാലിയാക്കും.
എന്റെ ലേഖേ നിന്റെ ഒരു കാര്യം..
നന്ദിനി തലയിൽ കൈ വച്ചു പോയി.
എന്റെ നന്ദിനി നിന്നെ പോലെ ഒരാൾ ഈ ലോകത്ത് നീ മാത്രേ ഉള്ളൂ.എടീ ആകെ കൂടി മനുഷ്യന് ഒരു ജന്മമല്ലേ ഉള്ളൂ.അപ്പൊ പിന്നെ അത് നമ്മൾ ഇങ്ങനെ ആഘോഷിച്ചു തീർക്കണ്ടേ..
ഉം നടക്കട്ടെ..
അതും പറഞ്ഞ് നന്ദിനി കൈകഴുകാനായി എഴുന്നേറ്റ് പോയി..
ഊണ് കഴിഞ്ഞ നന്ദിനിയും ലേഖയും തിരികെ തങ്ങളുടെ ഇരിപ്പിടത്തിൽ വന്നിരിക്കുമ്പോൾ സ്റ്റാഫ് ആരും എത്തിയിരുന്നില്ല.എല്ലാവരും ഊണ് കഴിക്കാൻ പോയതാണ്.വർക്ക് തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടി താമസം ഉണ്ട്.
കുറേ നാള് കൂടി ഞാൻ ചോദിക്കണം എന്ന് കരുതി ഇരിക്കയാ.ഈ ശിവാനി..എബി..
രണ്ട് പേരും കൂടി അങ്ങ് ഒക്കുന്നില്ലല്ലോ നന്ദിനി.ഈ എബി എന്നത് ക്രിസ്ത്യൻസിന്റെ പേര് ആണല്ലോ..
ലേഖ തന്റെ സംശയം നന്ദിനിക്ക് മുൻപിൽ അവതരിപ്പിച്ചു.
പേര് മാത്രം അല്ല ആളും ക്രിസ്ത്യൻ ആണ് ലേഖേ..
അമ്പലവാസി ആയ നിങ്ങളും പള്ളിക്കാരായ അവരും.. ഒരു വർഗീയ ലഹള പൊട്ടിപുറപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടല്ലോ നന്ദിനി..
ഇത് അപ്പൊ എങ്ങനെയാ..
ശിവാനി പ്രണയിച്ചു കണ്ടെത്തിയ ആൾ ആണോ എബി.
ഏയ് അല്ല ലേഖേ..
അത് ഒരു കഥയാണ്.. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ എന്റെയും ശിവാനിയുടെയും ജീവിതത്തിലേക്ക് വന്നു കയറിയവൻ ആണ് എബി..
നാല് വർഷങ്ങൾക്കു മുൻപ് അന്ന് ശിവാനി പത്താം ക്ലാസ്സിൽ പഠിക്കാണ്.പഠിക്കാൻ മടിച്ചി ആയത് കൊണ്ട് അവളെ തുടക്കം മുതലേ ഞാൻ ട്യൂഷന് വിട്ടു.സ്കൂൾ ടൈം കഴിഞ്ഞാണ് ട്യൂഷൻ.അത് തീരുമ്പോൾ ആറുമണി കഴിയും.അതോണ്ട് ഞാൻ ബാങ്കിൽ നിന്ന് ഇറങ്ങി ശിവാനിയെയും കൂട്ടിയാണ് സാധാരണ വീട്ടിൽ പോകാറ്.
അന്ന് ബാങ്കിൽ സ്റ്റാഫ് ആരോ ക്യാശിന്റെ കാര്യത്തിൽ ഒരു തിരിമറി നടത്തിയപ്പോൾ അക്കൗണ്ട്സ് മുഴുവൻ തെറ്റി.പിന്നെ അത് ക്ലിയർ ചെയ്യാതെ എനിക്ക് ബാങ്കിൽ നിന്നു ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി.
അന്നാണെൽ നല്ല മഴയുള്ള ദിവസവും.എബി അന്ന് എൻജിനീയറിങ് പഠിത്തം കഴിഞ്ഞ് നിൽക്കുന്ന സമയം.വൈകുന്നേരം കൂട്ടുകാർക്കൊപ്പമുള്ള കറക്കവും കഴിഞ്ഞ് വരുമ്പോൾ ആണവൻ സ്കൂൾ യൂണിഫോമിൽ നനഞ്ഞൊലിച്ചു ശിവ ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത്.അവൾ തനിച്ചാണെന്നു മനസിലായത് കൊണ്ടാകാം രണ്ട് മൂന്ന് പുരുഷന്മാർ അവളെ ചുറ്റിപറ്റി നിൽപ്പുണ്ട്.
കരയാറായ ഭാവത്തോടെ നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ കാര്യം പന്തിയല്ല എന്ന് തോനിയത് കൊണ്ട് എബി ബൈക്ക് സൈഡാക്കി അവിടെ നിന്നവർക്ക് ഒരു സംശയത്തിനും pഇട കൊടുക്കാതെ ശിവാനിയോട് വന്ന് വണ്ടിയിൽ കയറാൻ പറഞ്ഞു.
അവിടെ നിൽക്കുന്നവരെ തുറിച്ചു നോട്ടം കണ്ട് ഭയന്ന അവൾ വേഗം എബി പറഞ്ഞതനുസരിച്ചു.ബാങ്കിൽ കൊണ്ടു വന്ന് ശിവാനിയെ ഇറക്കിയിട്ടു അവൻ നേരെ എന്നെ കാണാൻ വന്നു.പിന്നെ ആരാ എന്താ എന്നൊന്നും നോക്കാതെ കണ്ണ് പൊട്ടുന്ന രണ്ട് ചീത്ത ആയിരുന്നു എന്നെ.
പെൺകുട്ടികളെ ഇങ്ങനെ കയറൂരി വിട്ടാണോ വളർത്തുന്നത് സ്കൂൾ ടൈം കഴിഞ്ഞിട്ടും ആൾ എത്തിയില്ലേൽ അന്വേഷിക്കണ്ടേ എന്നൊക്കെ പറഞ്ഞ് വല്ല്യ ബഹളമായി അവൻ എന്നോട്.
എന്റെ മോളെ രക്ഷിച്ചതിന് എനിക്ക് അപ്പൊ അവനോട് ഒരു നന്ദി പോലും പറയാൻ കഴിഞ്ഞില്ല.പിറ്റേ ദിവസം ശിവ ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ എബി അവളെ കാത്ത് നിന്നിരുന്നു.ഞാൻ ചെന്ന് അവളെ കൂട്ടി കൊണ്ട് പോകുന്നത് വരെ അവൻ അവൾക്ക് കാവലായി അവിടെ നിന്നു.
പിന്നെ അത് ഒരു പതിവായി.ഞാൻ ഒരു ദിവസം ചെല്ലാൻ അൽപം വൈകിയാൽ എബി അവളെ വീട്ടിൽ എത്തിക്കും.അങ്ങനെ എബിയെ ഞങ്ങൾ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛൻ ഇല്ലാത്ത കുട്ടിയാണ് ശിവാനി എന്ന് അറിഞ്ഞപ്പോൾ എബിക്ക് അത് വല്ല്യ സങ്കടായി.
ശിവാനിയുടെ കാര്യൊക്കെ അവൻ വീട്ടിൽ പറഞ്ഞായിരുന്നു.ഒരിക്കൽ അവനൊപ്പം അവന്റെ അപ്പച്ചനും അമ്മച്ചിയും അനിയനും കൂടി വീട്ടിൽ വന്നു.ശിവാനിയുടെ കുറുമ്പും കുസൃതിയും ഒക്കെ കണ്ടപ്പോൾ അവർക്ക് അവളെ വല്ല്യ ഇഷ്ടായി..
പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞ് പോയി.അവൾ പ്ലസ് ടുന് പഠിക്കുന്ന സമയത്താണ് എബിയുടെ അപ്പച്ചൻ ശിവയെ എബിക്ക് കെട്ടിച്ചു കൊടുക്കോ എന്ന് ചോദിച്ചെ..
എബി ഒരിക്കൽ പോലും ശിവയോട് പ്രണയമാണെന്ന് പറഞ്ഞിട്ടില്ല.
അവനെ പോലെ ഒരു മോൻ ഉണ്ടായിരുന്നേൽ എന്ന് ഞാനും കൊതിച്ചിട്ടുണ്ട് അത്ര നല്ല മിടുക്കൻ പയ്യൻ ആണ് എബി.ശിവയോട് ചോദി mച്ചപോൾ അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ എന്നാ അവളും പറഞ്ഞത്.
പക്ഷേ എബിക്ക് അവളെ ജീവനാണ്.അത് അവളോടുള്ള അവന്റെ കരുതലിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്.
അവൾക്ക് തിരിച്ചും അങ്ങനെ തന്നെ.
പക്ഷേ സാധാരണ കുട്ടികളെ
പോലെ ഫോൺ വിളിക്കാനോ ചാറ്റിങ്ങിനോ കറങ്ങാൻ പോകാനോ ഒന്നും അവർ ഇത് വരെ മിനക്കെട്ടിട്ടില്ല.വല്ലപ്പോഴും കാണുമ്പോൾ സംസാരിക്കും.അതിൽ അടക്കി വയ്ക്കും അവരുടെ സ്നേഹം..
എബിയെ അങ്ങനെ ആണ് അവന്റെ അപ്പച്ചനും അമ്മച്ചിയും വളർത്തിയത്l.എല്ലാ സ്വാതന്ത്ര്യവും അവർ അവന് നൽകിയിട്ടുണ്ട്.പക്ഷേ അവൻ അത് മിസ്സ് യൂസ് ചെയ്യില്ല.
എനിക്കു താൽപര്യം ഉണ്ട് എബിയുടെ കാര്യത്തിൽ.ശിവയുടെ ഉള്ളിലും എബിയോടുള്ള ഇഷ്ടം ഉണ്ട്.പക്ഷേ അത് അവൾ എനിക്ക് മുൻപിൽ സമ്മതിച്ചു തരില്ല.അവളിപ്പോ എന്നെ എങ്ങനേലും ആരുടേലും തലേൽ കെട്ടിവെയ്ക്കണം എന്ന ചിന്തയിൽ നടക്കല്ലേ..
നന്ദിനി ചിരിയോടെ പറഞ്ഞവസാനിപ്പിച്ചപ്പോൾ ലേഖ പറഞ്ഞു.
കൊള്ളാമല്ലോടാ തന്റെ ഭാവി മരുമോൻ.. കക്ഷിയോട് ഒരു ദിവസം ഇങ്ങോട്ട് ഒക്കെ ഒന്ന് ഇറങ്ങാൻ പറ.ആളെ ഞാനും ഒന്ന് കാണട്ടെടോ.
ആയിക്കോട്ടെ.. ഞാൻ പറയാം.
ലേഖ മാഡത്തെ മാനേജർ വിളിക്കുന്നു..
അറ്റൻഡർ ശങ്കരൻ ചേട്ടൻ വന്ന് പറഞ്ഞതും ലേഖ എഴുനേറ്റു പോയി..

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പിരീഡ് ഇഗ്ലീഷ് ക്ലാസ് തകർപ്പനായി നടക്കുന്നുണ്ട്.മാത്തപ്പൻ മാഷിന്റെ ക്ലാസ്.. പഠിപ്പിസ്റ്റുകൾ ആയ കുട്ടികൾ അങ്ങേരെ വായിലേക്കും നോക്കി ഇരിക്കുന്നുഅല്ലാത്തവർ ഉറക്കം എന്ന മഹാ കലയിൽ ഏർപ്പെട്ടിരിക്കുന്നു.ഉറങ്ങുന്നവരെ മാഷ് കണ്ടെങ്കിലും അദ്ദേഹം പറയുന്നത്..
അവർ അവരുടെ ജോലി വൃത്തിയായി ചെയ്യുന്നുണ്ട്.നിങ്ങൾ പഠിക്കണം എന്നുള്ളവർ നിങ്ങളെ ജോലി ചെയ്യ് എന്നാണ്.
ശിവാനി ബുക്കിൽ കുത്തി വരഞ്ഞ് ഇരിക്കുകയാണ്.അവൾക്ക് തൊട്ടരികെ ആയി ഇരിക്കുന്നത് അവളുടെ ചങ്കും കരളും ആയ സേറ സാമുവേൽ.. അവൾക്കിപ്പുറം ദീപു..ഉഴപ്പന്മാരെ ഉസ്താദ്.ഇവരെ രണ്ടുപേരുടെയും നടുക്കാണ് ശിവാനിയുടെ ഇരിപ്പ്.
അവർ രണ്ടുപേരും ചില നേരം അവൾക്ക് രണ്ട് മാലാഖമാർക്ക് സമമാണ്.കച്ചറ കളിക്കാൻ കൂടെ
നിക്കുമ്പോൾ ആണ് അവർ മാലാഖമാർ ആകുന്നേൽ ക്ലാസ് ടെസ്റ്റ് സമയത്ത് ഒന്നും പഠിക്കാതെ വന്ന് ചോദ്യപേപ്പറിലെ ചോദ്യം തിരിച്ചും മറിച്ചും ശിവ എഴുതി വയ്ക്കുമ്പോൾ സേറയും ദീപുവും അവളുടെ പേപ്പർ നോക്കി
വള്ളി പുള്ളി തെറ്റാതെ അത് അതേ പോലെ അവരുടെ പേപ്പറിലും പകർത്തി എഴുതി വയ്ക്കും.ആ സമയം ആണ് അവൾക്ക് അവർ രണ്ടുപേരും ചെകുത്താന്മാരായി തോനുന്നത്.
ഒന്നുമില്ലേലും ക്രമനമ്പർ എങ്കിലും ഇവർക്ക് മാറ്റി എഴുതിക്കൂടെ എന്ന് തോന്നും ശിവക്ക്.അതിനാൽ തന്നെ മൂന്ന് പേരുടെയും ഉത്തരകടലാസുകളിൽ ഒരെണ്ണം മാത്രമേ ടീച്ചേഴ്സ് നോക്കുകയുള്ളൂ.അതാണേൽ ടീച്ചർ ക്ലാസിൽ വന്നു വിവരിക്കുകയും ചെയ്യും.നാണം കെട്ട് ഇപ്പൊ അവർക്ക് അത് ഒരു പ്രശ്നമേ അല്ല..
സേറയുടെ ഇരിപ്പ് കണ്ടാൽ അറിയാം അവൾ ഈ ലോകം വിട്ട് മറ്റേതോ ലോകത്തൂടെ പറക്കുകയാണെന്ന്.അടുത്ത സെക്കന്റിൽ ശിവ ദീപുവിന്റെ ബുക്കിലേക്ക് ഒന്ന് എത്തി നോക്കി.
കക്ഷി ആൾടെ തന്നെ പടം വരയ്ക്കുന്ന തിരക്കിൽ ആണ്.ആ കോളേജിൽ വര എന്നൊരു കഴിവ് ദൈവം കണ്ടറിഞ്ഞു വാരി കോരി നൽകിയിയിട്ടുണ്ടെങ്കിൽ അത് ദീപുവിനാണ്.
വരയും കുറിയും കഴിഞ്ഞ് ദീപു തന്റെ ബുക്കിലെ പേജ് കീറി എടുത്ത് നല്ല വൃത്തിയായി ഒരു പ്ലെയിൻ ഉണ്ടാക്കി.
പിന്നെ അതിലേക്കു നോക്കി സ്വയം ആത്മ സംതൃപ്തിയടഞ്ഞു.
കൊള്ളാം രാവണന്റെ പുഷ്പക വിമാനം..
പുറത്ത് ഒരു കൂട്ടം പെൺകുട്ടികൾ വരാന്തയിൽ നിൽക്കുന്നത് ജനാലയിലൂടെ കാണുന്നുണ്ട്.അവരിൽ ആ ചുരുണ്ട മുടിക്കാരിയെ ലക്ഷ്യം വച്ച് അവൻ തന്റെ കൈയിലെ പുഷ്പക വിമാനം പറത്തി വിട്ടു.
ഇത് കണ്ടതും ശിവാനി അവന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു.അപ്പോഴേക്കും വിമാനം ചുരുണ്ട
മുടിക്കാരിയുടെ തലയിൽ തന്നെ കൃത്യമായി ലാൻഡ് ചെയ്തിരുന്നു.
അവളുടെ കൂട്ടുകാരി അത് എടുത്ത് കൊടുക്കുന്നതും അവൾ ആ പേപ്പർ നിവർത്തി വായിക്കുന്നതും കൂടി കണ്ടതും ശിവാനി പറഞ്ഞു.
ദീപു ആ പെണ്ണ് ആരാ എന്നറിയോ നിനക്ക്..
സ്ഥലം സർക്കിളിന്റെ മോളാ.. മഹാ അഹങ്കാരി.. നീ തീർന്നെടാ മോനേ ദീപു.
യ്യോ.. സത്യാണോടി..
അതേടാ പോത്തേ.. പേടിക്കണ്ട.ഈ ക്ലാസ്സിൽ പത്ത് നാൽപത് ആൺപിള്ളേർക്കിടയിൽ അത് ആര് വിട്ടതാണെന്ന് എങ്ങനെ അവൾ കണ്ട് പിടിക്കാനാ.
അതൊക്കെ സിംപിൾ ആയി അവൾക്ക് പറ്റും ശിവാ.
അതിന് അവളെ അപ്പൻ അല്ലെ പോലീസിൽ.. മകൾ അല്ലല്ലോ..
ടീ കോപ്പേ.. ഞാൻ അതിൽ എന്റെ വാട്സ്ആപ്പ് നമ്പറും പോരാത്തേന് എന്റെ ഒരു പടവും വരച്ചു വച്ചിട്ടുണ്ടെടി.എന്റെ ആദ്യത്തെ പ്രേമലേഖനം അല്ലെ അപ്പൊ പിന്നെ പൊളിക്കാമെന്നു കരുതി..
നന്നായി.. ഇനി നിന്റെ പുറം പൊളിയാൻ വേറെ വഴിയൊന്നും നോക്കണ്ട ദീപൂട്ടാ.അവൾ അത് നേരെ അവളെ അപ്പന്റെ കയ്യിൽ കൊണ്ട് കൊടുക്കും.
ഈ ആഴ്ചയിലെ മോന്റെ വാരഫലം വളരെ മോശം ആണ് മോനെ ദീപുവേ.
മാനഹാനി,അംഗഭംഗം,കൂടാതെ കാരാഗ്രഹ വാസം വരെ അനുഭവിക്കാൻ ഉള്ള എല്ലാ വിധ ചാൻസുകളും നോം കാണുന്നുണ്ട്..കാണുന്നില്ല..
ടീ നീ ഇത് കാലാവസ്ഥ പ്രവചിക്കുന്നത് പോലെ സംഭവിക്കാം.. ഇല്ലായിരിക്കാം എന്ന് ഒരു ഉറപ്പും ഇല്ലാത്ത പറച്ചിൽ പറയാതെ എന്തേലും ഒന്ന് ഉറപ്പിച്ചു പറയെടീ.
അങ്ങനെ പറയാൻ മാത്രം പ്രത്യേകിച്ച് ഒന്നും ഇല്ല.വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.അത് ഓട്ടോറിക്ഷ വിളിച്ചാണേലും നിന്നെ തേടി നേരെ ഇങ്ങെത്തും അത്രേ ഉള്ളൂ കാര്യം.
ദീപു ആകെ പെട്ട അവസ്ഥയിൽ
പുറത്തേക്ക് നോക്കി.. ചുരുണ്ട മുടിക്കാരി അവളെ ബൈനോക്കുലർ കണ്ണും വച്ചു ക്ലാസ്സ് മുറി ആകെ തിരയുകയാണ് അവളെ പ്രാണേശ്വരനെ..
ദീപു തലകുനിച്ച് ഡസ്ക്കിലേക്ക് കിടന്നു.
ടീ ശിവാ എനിക്ക് എന്തോ പെട്ടന്ന് തല ചുറ്റുന്ന പോലെ.. മാഷ് ചോദിച്ചാൽ അങ്ങനെ തന്നെ പറഞ്ഞേക്കണേ..
ഉത്തരവ്.. അടിയൻ അത് വേണ്ട പോലെ കൈകാര്യം ചെയ്തോളാം..
ചിലവ് മറക്കണ്ട ട്ടോ.. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് നേരെ കാന്റീൻ.. ദീപുകുട്ടന്റെ പറ്റിൽ ചൂട് നാല് പരിപ്പ് വട ചായ..
എഗ്രി ആണേൽ ഡീൽ ഉറപ്പിക്കാം..
ശിവാനി തന്റെ തള്ളവിരൽ ഉയർത്തി അവന് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു.
ഡീൽ ഓർ നോ ഡീൽ..
മണിക്കുട്ടി ഓടി തുടങ്ങി.. ദീപുകുട്ടാ വേഗം.. ലോക് ചെയ്യട്ടെ ഡീൽ..
ആടി കോപ്പേ ഡീൽ..
നിനക്ക് പുര കത്തുമ്പോ തന്നെ വാഴ വെട്ടണം അല്ലേടി പന്നീ..
അതും പറഞ്ഞ് ദീപു ഡസ്ക്കിലേക്ക് ചാഞ്ഞു..
വൈകുന്നേരത്തെ കാര്യം തീരുമാനം ആയ സന്തോഷത്തിൽ അവൾ കുറച്ചു നേരം ക്ലാസിൽ ശ്രദ്ധിക്കാം എന്ന് കരുതി മാത്തപ്പൻ സാറെ മുഖത്തേക്ക് കണ്ണ് നട്ടിരുന്നു.
മാഷ് അത് കണ്ടതും പുറത്തേക്ക് ഒന്ന് എത്തി നോക്കി.കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ പതിവില്ലാത്ത വിധം പിള്ളേര് ഒക്കെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നു..
0 Comments